PHOTO | WIKI COMMONS
43 കിലോ ഭാരമുള്ള ട്യൂമര്‍ നീക്കം ചെയ്ത് കോട്ടയം മെഡിക്കല്‍ കോളേജ്, പൂര്‍ത്തിയാക്കിയത് അതി സങ്കീര്‍ണമായ ശസ്ത്രക്രിയ
43 കിലോ ഭാരമുള്ള ട്യൂമര്‍ രോഗിയുടെ ശരീരത്തില്‍ നിന്നും നീക്കം ചെയ്ത് കോട്ടയം മെഡിക്കല്‍ കോളേജ്. കോട്ടയം സ്വദേശിയായ ജോ ആന്റണിയുടെ ശരീരത്തിലാണ് അതി സങ്കീര്‍ണമായ ശസ്ത്രക്രിയ നടത്തിയത്. ജീവന് ഭീഷണിയാകുമെന്നതിനാല്‍ വെല്ലൂര്‍, മണിപ്പാല്‍ തുടങ്ങിയ ആശുപത്രികള്‍ ശസ്ത്രക്രിയ നടത്താന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ജോ ആന്റണി എത്തുന്നത്. കാര്‍ഡിയോ തൊറാസിക് വിഭാഗവും പ്ലാസ്റ്റിക് സര്‍ജറി വിഭാഗവും ചേര്‍ന്നാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. തുടര്‍ ചികിത്സയ്ക്ക് ശേഷം ജോ ആന്റണിയെ ഡിസ്ചാര്‍ജ് ചെയ്തു.
അപകട സാധ്യതയുണ്ടെങ്കിലും ശസ്ത്രക്രിയ ചെയ്യാന്‍ കോട്ടയം മെഡിക്കല്‍ കോളേജ് തയ്യാറായി. 20 ലിറ്റര്‍ ഫ്‌ളൂയിഡും 23 ലിറ്റര്‍ മാംസവുമുള്ള ട്യൂമറാണ് നീക്കം ചെയ്തത്. നിലവില്‍ കൈയ്ക്ക് സ്വാധീനക്കുറവുണ്ടെങ്കിലും ഫിസിയോതെറാപ്പിയിലൂടെ അത് മാറ്റാന്‍ സാധിക്കുമെന്നാണ് കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാര്‍ പറഞ്ഞത്. കഴിഞ്ഞ മാസം 25 ന് നടത്തിയ ശസ്ത്രക്രിയ 12 മണിക്കൂറോളമെടുത്താണ് പൂര്‍ത്തിയാക്കിയത്. നാല് വര്‍ഷം മുമ്പാണ് ജോ ആന്റണിയില്‍ ട്യൂമര്‍ സ്ഥിരീകരിച്ചത്. ശ്വാസകോശത്തിന്റെയും നെഞ്ചിന്റെയും ഭാഗത്തായതിനാല്‍ എടുത്ത് കളയല്‍ ബുദ്ധിമുട്ടായിരുന്നു.